
ന്യൂദൽഹി: 2036-ലെ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാൻ ഭാരതം പൂർണശക്തിയോടെ ഒരുങ്ങുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കായിക അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനും കൂടുതൽ കായികതാരങ്ങൾക്ക് മത്സരാവസരങ്ങൾ ഒരുക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഒളിമ്പിക്സ് ആതിഥേയത്വത്തിനായി രാജ്യം അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
72-ാമത് ദേശീയ വോളിബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2030-ലെ കോമൺവെൽത്ത് ഗെയിംസിന് ഭാരതം ആതിഥേയത്വം വഹിക്കും. 2036-ലെ ഒളിമ്പിക്സിനും പൂർണശക്തിയോടെ തയ്യാറെടുക്കുകയാണ്. കൂടുതൽ കായികതാരങ്ങൾക്ക് മത്സരിക്കാൻ അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മോദി പറഞ്ഞു.
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) ഫ്യൂച്ചർ ഹോസ്റ്റ് കമ്മീഷനു മുന്നിൽ ഭാരതം ആദ്യ ഔദ്യോഗിക അവതരണം നടത്തിയതോടെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് കൂടുതൽ പ്രാധാന്യം കൈവന്നിരിക്കുകയാണ്. 2036-ലെ സമ്മർ ഒളിമ്പിക്സിനും പാരാലിമ്പിക്സിനും ആതിഥേയ നഗരമായി അഹമ്മദാബാദിനെയാണ് നിർദേശിച്ചിരിക്കുന്നത്.
ജർമ്മനി, ഹംഗറി, ഖത്തർ, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, തുർക്കി എന്നീ രാജ്യങ്ങൾക്കൊപ്പമാണ് ഭാരതവും ആതിഥേയത്വത്തിനായി രംഗത്തുള്ളത്. ഓൺലൈനായി നടന്ന അവതരണത്തിൽ കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ, കായിക സെക്രട്ടറി ഹരി രഞ്ജൻ റാവു, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷ, അത്ലീറ്റ്സ് കമ്മീഷൻ മേധാവി പി.വി. സിന്ധു, ഗുജറാത്ത് കായിക മന്ത്രി ഹർഷ് സംഘവി, ഐഒഎ സിഇഒ രഘുറാം അയ്യർ തുടങ്ങിയവർ പങ്കെടുത്തു.
അഹമ്മദാബാദിലെ വിപുലമായ അടിസ്ഥാന സൗകര്യ വികസനവും രാജ്യാന്തര കായിക മത്സരങ്ങൾ സംഘടിപ്പിച്ചുള്ള മുൻപരിചയവുമാണ് പ്രധാന പ്രതീക്ഷ. 2030-ലെ കോമൺവെൽത്ത് ഗെയിംസിനും അഹമ്മദാബാദ് വേദിയാകും. ഒളിമ്പിക്സ് ആതിഥേയത്വത്തിനുള്ള മുന്നൊരുക്കമായാണ് കോമൺവെൽത്ത് ഗെയിംസിനെ അധികൃതർ കാണുന്നത്.
അഹമ്മദാബാദിലും ഗാന്ധിനഗറിലുമായി 22 മത്സര വേദികൾ ഒരുക്കാനാണ് പദ്ധതി. 5,050 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന സർദാർ വല്ലഭഭായ് പട്ടേൽ സ്പോർട്സ് എൻക്ലേവാണ് ഇതിൽ പ്രധാന പദ്ധതി. ഒളിമ്പിക്സ് ആതിഥേയത്വത്തിനുള്ള അന്തിമ തീരുമാനം വരുന്നതിന് മുമ്പുതന്നെ ഗുജറാത്തിലെ മിക്ക കായിക വേദികളും സജ്ജമാക്കാനാകുമെന്നാണ് പ്രതീക്ഷ.
നാഷണൽ സ്പോർട്സ് ഗവേണൻസ് ആക്ട്, ഖേലോ ഇന്ത്യ പോളിസി 2025, ടാർഗറ്റ് ഒളിമ്പിക് പോഡിയം സ്കീം (TOPS) തുടങ്ങിയ പരിഷ്കാരങ്ങളും കായിക മേഖലയിൽ കൈവരിച്ച മുന്നേറ്റത്തിന്റെ തെളിവായി സർക്കാർ ഉയർത്തിക്കാട്ടുന്നു.
എന്നാൽ ഒളിമ്പിക്സ് ആതിഥേയത്വത്തിനുള്ള ശ്രമത്തിനു മുന്നിൽ വലിയ വെല്ലുവിളികളുമുണ്ട്. ജൂലൈയിലെ കണക്കുകൾ പ്രകാരം അഹമ്മദാബാദിൽ സ്റ്റാർ റേറ്റിംഗുള്ള ഹോട്ടലുകളിൽ ഏകദേശം 5,400 മുറികൾ മാത്രമാണുള്ളത്. ഒളിമ്പിക്സ് സംഘടിപ്പിക്കാൻ ഏകദേശം ഒരു ലക്ഷം മുറികൾ ആവശ്യമായി വരുമെന്നാണ് കണക്ക്. ഗതാഗത സൗകര്യങ്ങളുടെ വിപുലീകരണവും ചെലവും പ്രധാന ആശങ്കകളാണ്.
ഗെയിംസ് നടത്തിപ്പിന് 18,557 കോടി മുതൽ 41,031 കോടി രൂപ വരെ ചെലവാകുമെന്നാണ് കണക്കാക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിനായി മാത്രം 16,060 കോടി മുതൽ 22,878 കോടി രൂപ വരെ വേണ്ടിവന്നേക്കും.
2027 മാർച്ചിൽ ഐഒസി സാധ്യതാ പട്ടിക തയ്യാറാക്കും. 2029 മധ്യത്തോടെ ആതിഥേയ നഗരത്തെ അന്തിമമായി പ്രഖ്യാപിക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം, 2030-ലെ കോമൺവെൽത്ത് ഗെയിംസ് സംഘാടന മികവും അടിസ്ഥാന സൗകര്യങ്ങളുടെ സജ്ജീകരണവും തെളിയിക്കുന്ന നിർണായക പരീക്ഷണമായി മാറും.