• Mon. Aug 24th, 2026

24×7 Live News

Apdin News

കൈലാഖിന് ഇനി സ്‌പോര്‍ട്ടി ലുക്ക്; കൈലാഖ് സ്‌പോർട്ട്‌ലൈൻ അവതരിപ്പിച്ച് സ്കോഡ

Byadmin

Aug 24, 2026


സ്‌കോഡയുടെ ടോപ്പ് സെല്ലിങ് SUV കൈലാഖിന് പുതിയ വേരിയന്റ് അവതരിപ്പിച്ച് സ്കോഡ. കൈലാഖ് സ്‌പോർട്ട്‌ലൈൻ എന്ന വേരിയന്റ് അവതരിപ്പിച്ചാണ് നിർമാതാക്കൾ ഈ വാഹനത്തിന്റെ നിര വികസിപ്പിച്ചിരിക്കുന്നത്. 11.32 ലക്ഷം മുതൽ 12.32 ലക്ഷം രൂപ വരെ (എക്സ്-ഷോറൂം) വിലയിലാണ് സ്കോഡ ഇന്ത്യയിൽ ‘കൈലാഖ് സ്പോർട്ട്‌ലൈൻ’ അവതരിപ്പിച്ചിരിക്കുന്നത്. കൈലാഖ് നിരയിലേക്ക് കൂടുതൽ സ്പോർട്ടിയായ രൂപഭംഗിയുള്ള ‘സ്പോർട്ട്‌ലൈൻ’ വകഭേദം എത്തുമെന്ന 2026 ജൂണിലെ റിപ്പോർട്ടിന് പിന്നാലെയാണ് വാ​ഹനം അവതരിപ്പിച്ചത്.

മിഡ്-സ്പെക്ക് സിഗ്നേച്ചർ+ ഉയർന്ന വകഭേദമായ പ്രസ്റ്റീജ് എന്നിവയ്ക്കിടയിലായാണ് കൈലാഖ് സ്പോർട്ട്‌ലൈൻ സ്ഥാനം പിടിച്ചിരിക്കുന്നത്. കുഷാഖ്, സ്ലാവിയ എന്നിവയുടെ സ്‌പോർട്ട്‌ലൈൻ (Sportline) വകഭേദങ്ങളെപ്പോലെ, കൈലാഖ് സ്‌പോർട്ട്‌ലൈനിലും വാഹനത്തിന് കൂടുതൽ സ്‌പോർട്ടിയായ ഭാവം നൽകുന്ന നിരവധി ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 17 ഇഞ്ച് അലോയ് വീലുകൾ, ഔട്ട്‌സൈഡ് റിയർവ്യൂ മിററുകൾ, ബമ്പറുകളിലെയും റൂഫിലെയും ഫോക്സ് സ്കിഡ് പ്ലേറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. റൂഫിൽ ഘടിപ്പിച്ച സ്‌പോയിലറും ഇതിന്റെ പ്രത്യേകതയാണ്.

കൂടാതെ സി-പില്ലറിലും ടെയിൽഗേറ്റിലും പുതിയ ‘സ്‌പോർട്ട്‌ലൈൻ’ ബാഡ്ജുകൾ നൽകിയിരിക്കുന്നു. കൂടുതൽ ആകർഷകമായ രൂപത്തിനായി ടെയിൽ-ലൈറ്റുകൾക്കിടയിലുള്ള സ്‌കോഡ എന്ന പേരും കറുപ്പ് നിറത്തിലാണ് നൽകിയിരിക്കുന്നത്. കോർണറിംഗ് ഫംഗ്‌ഷനോടുകൂടിയ എൽഇഡി ഫോഗ് ലാമ്പുകളും പ്രൊജക്ടർ എൽഇഡി ഹെഡ്‌ലൈറ്റുകളും ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ കൈലാഖ് വകഭേദം കൂടിയാണ് സ്‌പോർട്ട്‌ലൈൻ. അതേസമയം, താഴ്ന്ന വകഭേദങ്ങളിൽ എൽഇഡി റിഫ്ലെക്റ്റർ അടിസ്ഥാനമാക്കിയുള്ള ഹെഡ്‌ലൈറ്റുകളാണ് നൽകിയിരിക്കുന്നത്.

കിലാഖ് സ്പോർട്ട്‌ലൈനിന് ഇരുണ്ട നിറത്തിലുള്ള ക്യാബിൻ തീം നൽകിയിരിക്കുന്നു. ഇതിൽ വെള്ള നിറത്തിലുള്ള സ്റ്റിച്ചിംഗോട് കൂടിയ കറുത്ത ലെതറെറ്റ് സീറ്റുകളും ഹെഡ്‌റെസ്റ്റുകളിൽ ‘സ്പോർട്ട്‌ലൈൻ’ എന്നെഴുതിയ ഭാഗവുമുണ്ട്. അലുമിനിയം പെഡലുകളും വെള്ള നിറത്തിലുള്ള ആംബിയന്റ് ലൈറ്റിംഗും വാഹനത്തിന്റെ സ്പോർട്ടി സ്വഭാവം കൂടുതൽ വർദ്ധിപ്പിക്കുന്നു. സിംഗിൾ-പെയ്ൻ സൺറൂഫ്, 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 6 സ്പീക്കറുകൾ, 8 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ, വയർലെസ് ഫോൺ ചാർജർ എന്നിവയാണ് പ്രധാന സവിശേഷതകൾ.

മറ്റ് വകഭേദങ്ങളിലുള്ള അതേ 1.0 ലിറ്റർ ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ-പെട്രോൾ എൻജിനാണ് സ്കോഡ കൈലാഖ് സ്പോർട്ട്‌ലൈനിലും ഉപയോഗിച്ചിരിക്കുന്നത്. ഇത് 115hp കരുത്തും 178Nm ടോർക്കും നൽകുന്നു. 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.പ്രത്യേക ‘സ്പോർട്ട്‌ലൈൻ ആക്സസറി പാക്ക്’ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് കൈലാഖ് സ്പോർട്ട്‌ലൈനിനെ കൂടുതൽ വ്യക്തിഗതമാക്കാവുന്നതാണ്.

By admin