ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ, അണ്ണാ ഡി.എം.കെ.യും വിജയ്‌യുടെ തമിഴക വെട്രി കഴകവും (ടി.വി.കെ.) തമ്മിൽ സഖ്യം രൂപീകരിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായി ഇരുപാർട്ടികളും തമ്മിൽ രഹസ്യ ചർച്ചകൾ ആരംഭിച്ചതായാണ് സൂചന.
ചെന്നൈയുടെ പ്രാന്തപ്രദേശത്തുവെച്ച് നടന്ന രഹസ്യയോഗത്തിൽ എടപ്പാടി പളനിസ്വാമിയുടെ അടുത്ത അനുയായികളും വിജയ്‌യുടെ വിശ്വസ്തരും പങ്കെടുത്തതായാണ് വിവരങ്ങൾ. എന്നാൽ, തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമേ ഇക്കാര്യത്തിൽ അന്തിമതീരുമാനമുണ്ടാകൂ. സഭയിൽ കേവല ഭൂരിപക്ഷത്തിന് (118 സീറ്റുകൾ) അണ്ണാ ഡി.എം.കെ.യ്‌ക്ക് കുറവുണ്ടായാൽ, ടി.വി.കെ.യുടെ പിന്തുണയോടെ ഭരണം നിലനിർത്താനാണ് നീക്കം.
പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കി, ഉപമുഖ്യമന്ത്രി പദവിയോ മറ്റു സുപ്രധാന വകുപ്പുകളോ ടി.വി.കെ.യ്‌ക്കു കൈമാറുന്ന തരത്തിലാണ് ആലോചന. അതേസമയം, സഖ്യസാധ്യതകളെക്കുറിച്ച് അണ്ണാ ഡി.എം.കെ.യും ടി.വി.കെ.യും ഔദ്യോഗികമായ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് അണ്ണാ ഡി.എം.കെ.യും ടി.വി.കെ.യും തമ്മിൽ സഖ്യത്തിലാവുമെന്ന് അഭ്യൂഹം പരന്നിരുന്നെങ്കിലും ഇരുപാർട്ടികളും ഇത് നിഷേധിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ടി.വി.കെ. തനിച്ച് മത്സരിച്ചു. പാർട്ടി പ്രഖ്യാപിച്ചപ്പോൾത്തന്നെ വിജയ് രാഷ്‌ട്രീയശത്രുക്കളായി പ്രഖ്യാപിച്ചത് ഭരണകക്ഷിയായ ഡി.എം.കെ.യെ ആയിരുന്നു. പ്രചാരണവേളയിലും വിജയ് ഡി.എം.കെ.യെ രൂക്ഷമായി വിമർശിച്ചെങ്കിലും അണ്ണാ ഡി.എം.കെ.യോട് മൃദുസമീപനം സ്വീകരിച്ചു.