• Sun. Nov 15th, 2026

24×7 Live News

Apdin News

ഫുജൈറ ദുരന്തം: മരിച്ചത് പത്ത് യുഎഇ സ്വദേശികളും നാല് ഇന്ത്യൻ പ്രവാസികളും

Byadmin

Nov 15, 2026



ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ ഷെയ്ഖ് ഖലീഫ റോഡിലുണ്ടായ വലിയ വാഹനാപകടത്തില്‍ 10 യുഎഇ സ്വദേശികളും 4 ഇന്ത്യക്കാരും ഉള്‍പ്പെടെ 14 പേര്‍ മരിച്ചതായി ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. അപകടത്തില്‍ പരുക്കേറ്റ 30 പേരുടെ വിവരങ്ങളും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്.

മരിച്ച നാല് ഇന്ത്യന്‍ പൗരന്മാരില്‍ മൂന്നുപേരും മലയാളികളാണ്. മലപ്പുറം വേങ്ങര സ്വദേശി സിദ്ദീഖിന്റെ മക്കളായ മുഹമ്മദ് അസ്മിൽ (21), മിസ്‌ന ജുബിന്‍ (21), പേരക്കുട്ടി മുഹമ്മദ് ഫായിസ് (3) എന്നിവരാണ് മരിച്ചത്. നാലാമത്തെ ഇന്ത്യക്കാരന്‍ ഗുജറാത്ത് സ്വദേശിയായ 13 വയസ്സുള്ള ആണ്‍കുട്ടിയാണ്.

എട്ട് യുഎഇ സ്വദേശികള്‍, ഏഴ് ഇന്ത്യന്‍ പൗരന്മാര്‍, ആറ് ഒമാനി പൗരന്മാര്‍, മൂന്ന് ഈജിപ്ഷ്യന്‍ പൗരന്മാര്‍, രണ്ട് ജോര്‍ദാന്‍ സ്വദേശികള്‍, രണ്ട് പാകിസ്താന്‍ പൗരന്മാര്‍, രണ്ട് ബ്രസീല്‍ സ്വദേശികള്‍ എന്നിവരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്ന നടപടികൾ പൂർത്തിയാക്കിയതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവംബര്‍ 11-ന് അർദ്ധരാത്രിയോടെ  23 വാഹനങ്ങള്‍ (18 കാറുകളും 5 ട്രക്കുകളും) ഉള്‍പ്പെട്ട രണ്ട് തുടര്‍ വാഹനാപകടങ്ങളാണ് ഫുജൈറ പ്രവേശന കവാടത്തിന് സമീപം ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് റോഡിലുണ്ടായത്. ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നതായിരുന്നു അപകടസ്ഥലത്തെ കാഴ്ചകൾ. കാറുകളും കൂറ്റൻ ട്രക്കുകളും ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ തകർന്നു തരിപ്പണമായി. റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടയിലുണ്ടായ രണ്ട് തുടര്‍ച്ചയായ അപകടങ്ങളാണ് വലിയ ദുരന്തത്തില്‍ കലാശിച്ചത്. നിശ്ചലമായിരുന്ന ട്രക്കില്‍ കാര്‍ ഇടിച്ചതായിരുന്നു ആദ്യ അപകടം. തുടര്‍ന്ന് രണ്ട് ഷിപ്പിംഗ് കണ്ടെയ്നറുകളുമായി വന്ന ട്രക്ക് നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങള്‍ക്ക് മേല്‍ മറിയുകയായിരുന്നു.

സംഭവത്തിൽ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷന്റെ നേതൃത്വത്തില്‍ സംഭവത്തെക്കുറിച്ച് ഔദ്യോഗിക അന്വേഷണം പുരോഗമിക്കുകയാണ്.

By admin